കണ്ണൂർ: കാർട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റിൻ്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്ത് കണ്ണൂരിലെ സിപിഐഎം നേതാവ് പി.പി. ദിവ്യ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തുനൽകാൻ തയ്യാറാണെന്നും അത്രത്തോളം ആത്മവിശ്വാസമുണ്ടെന്നും പി.പി. ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
"ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപ്പര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് കരുതേണ്ട. രാഷ്ട്രീയ എതിരാളികൾക്ക് മറുതോണിയിൽ ഇരുന്ന് പിന്തുണ നൽകുന്നവരുണ്ട്. ആ യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്ക് മുന്നിലെത്തും," ദിവ്യ സിപിഐഎം നേതാക്കൾക്ക് എതിരെ പോസ്റ്റിലൂടെ ഒളിയമ്പെയ്തു. മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് കോടതി സമൻസ് നൽകിയിട്ടുണ്ട്. ആ കേസിൽ നിയമനടപടികൾ മുന്നോട്ടുപോകട്ടെയെന്നും ദിവ്യ നിലപാടറിയിച്ചു.
ഭർത്താവിൻ്റെ പേരിൽ അഞ്ച് സെൻ്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെൻ്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്ര വാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഇല്ലെന്നും പി.പി. ദിവ്യ വിശദീകരിച്ചു. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോൾ വിജിലൻസ് വീണ്ടും വരുന്നു. സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോയെന്നും ദിവ്യ കൂട്ടിച്ചേർത്തു
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെ കാർട്ടൺ എന്ന കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും കെഎസ്‌യു നേതാവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും ദിവ്യ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ദിവ്യ പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.