കണ്ണൂർ:സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ പി വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് വീതികൂട്ടല്‍ നടപടികളാണ് കൂടുതല്‍ അഭികാമ്യമെന്ന് യോഗത്തില്‍ പങ്കെടുത്ത കോര്പ്പറേഷന് മേയര്‍ അഡ്വ. പി ഇന്ദിര പറഞ്ഞു.
വി കെ കൃഷ്ണമേനോന് മെമ്മോറിയല്‍ വനിതാ കോളേജ് ജംങ്ഷന് മുതല്‍ കണ്ണോത്തുംചാല്‍ വരെയുള്ള ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിലുള്ള റോഡ് വീതികൂട്ടിയാല്‍ പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമാകും. ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വലിയ വാഹനങ്ങളെ ഇതുവഴി തിരിച്ചുവിടാന്‍ കഴിയും. ഇതോടെ നഗരത്തിലെ വാഹനത്തിരക്ക് വലിയ തോതില്‍ കുറയുമെന്നും മേയര്‍ പറഞ്ഞു.
റോഡ് വികസനത്തിന്റെ മുന്നോടിയായി പാതയോരങ്ങളിലെ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകളെടുക്കാനും മ്യൂല്യനിര്ണ്ണയ നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തീകരിക്കാനും ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വളപട്ടണം മുതല്‍ ചാല വരെയുള്ള ഭാഗങ്ങളെ മൂന്ന് റീച്ചുകളായി തിരിച്ച് ഇതിനായുള്ള കണക്കെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ സിറ്റി റോഡ് വികസന പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.