പോക്കറ്റടിച്ച് 1,500 രൂപ കവർന്നു...പക്ഷേ പഴ്സിനുള്ളിലെ പ്രധാനപ്പെട്ട രേഖകൾ കള്ളൻ ഉപേക്ഷിച്ചു. അതും ചെറുപുഴയിലെ ഒരു തപാൽപ്പെട്ടിയിൽ!ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്തെ തപാൽപ്പെട്ടിയിൽ നിന്നാണ് തപാൽ ജീവനക്കാരൻ പി.പി. മധുസൂദനന് പഴ്സ് ലഭിച്ചത്. തുടർന്ന് പഴ്സ് ചെറുപുഴ പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ എ. ഏബ്രഹാമിന് കൈമാറി.
പരിശോധിച്ചപ്പോഴാണ് പഴ്സ് നീലേശ്വരം തൈക്കടപ്പുറം സ്വദേശി കെ.വി. രാജീവിന്റേതാണെന്ന് വ്യക്തമായത്.
നീലേശ്വരത്തുനിന്ന് പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് രാജീവിന്റെ പോക്കറ്റിൽ നിന്ന് പഴ്സ് മോഷണം പോയത്. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളൻ കൊണ്ടുപോയെങ്കിലും ആധാർ കാർഡ്, പാൻ കാർഡ്, വിവിധ ബാങ്കുകളുടെ എ.ടി.എം കാർഡുകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ പഴ്സിൽ തന്നെ ബാക്കിവെച്ചു.പിന്നീട് ആ പഴ്സ് ചെറുപുഴയിലെ തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു.സംഭവത്തിൽ രാജീവ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് ഇന്ന് രാജീവ് ചെറുപുഴയിലെത്തിയത്. പോസ്റ്റ് മാസ്റ്റർ എ. ഏബ്രഹാമിൽ നിന്ന് നഷ്ടപ്പെട്ട പഴ്സും അതിനുള്ളിലെ രേഖകളും രാജീവ് ഏറ്റുവാങ്ങി.
പണം പോയെങ്കിലും, തിരിച്ചെടുക്കാൻ ഏറെ പ്രയാസമുള്ള രേഖകൾ സുരക്ഷിതമായി തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് രാജീവ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.