കണ്ണൂർ:കേരളത്തിലെ വിവിധ ജില്ലകളിൽ വൻതോതിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള ഹൈടെക് അന്തർ സംസ്ഥാന മോഷണ സംഘത്തിലെ അഞ്ച് പേരെ കണ്ണൂർ സിറ്റി പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ സമീർ, മൊഹ്‌സിൻ, മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് സാഹിൽ, മോനിഷ് എന്നിവരാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
നിരവധി മോഷണ കേസുകളിൽ പ്രതികളായ ഇവരെ രാത്രിയോടെ കണ്ണൂരിലെ ലോഡ്ജ് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. നിർമാണം പുരോഗമിക്കുന്ന വലിയ വീടുകൾ, വില പിടിപ്പുള്ള ചെമ്പ് ഘടകങ്ങൾ അടങ്ങിയ വൻകിട ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
വിമാനമാർഗ്ഗം കൂട്ടത്തോടെ കേരളത്തിൽ പറന്നിറങ്ങിയ ശേഷം ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ബൈക്കുകളിൽ കറങ്ങി നടന്നാണ് ഇവർ കൃത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ നിർമാണ സ്ഥലങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ കവർച്ച നടത്തിയിരുന്നത്.
ഇത്തരം വസ്ത്രങ്ങളും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. നേരത്തെ എറണാകുളം കളമശ്ശേരി പൊലീസ് സമാന രീതിയിൽ മോഷണം നടത്തുന്ന ഈ സംഘത്തിലെ ചിലരെ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവിധ ജില്ലകളിലേക്ക് സംഘം തിരിഞ്ഞ് കവർച്ച ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുണ്ടെന്ന സുപ്രധാന വിവരം ലഭിച്ചത്.
തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം ജില്ലയിൽ നിരീക്ഷണം ശക്തമാക്കുകയും കണ്ണൂർ നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്ന പ്രതികളെ തന്ത്രപരമായി കുടുക്കുകയുമായിരുന്നു. പിടിയിലായ സംഘത്തിലെ ചിലർക്കെതിരെ സമാനമായ മോഷണ കേസുകൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിലും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് ഐ പി എസിന്റെ മേൽനോട്ടത്തിലും സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരവും കണ്ണൂർ ടൗൺ എ സി പി അസാദ്, ടൗൺ സി ഐ മഹേഷ് കണ്ടമ്പേത്ത് എന്നിവരടങ്ങിയ പ്രത്യേക പൊലീസ് സംഘമാണ് അതീവ രഹസ്യമായി നീങ്ങി പ്രതികളെ വലയിലാക്കിയത്. ഇതോടെ കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കാനിരുന്ന വൻ കവർച്ച പരമ്പരയാണ് പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒഴിവായത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.