മട്ടന്നൂർ: പശ്ചിമേഷ്യൻ സംഘർഷവും വ്യോമപാത നിയന്ത്രണവും തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിസന്ധിയിലായിരുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ സാധാരണ നിലയിലേക്ക്.
ജൂലൈ ഒന്ന് മുതൽ ഗൾഫ് മേഖലയിലേക്ക് മാത്രം ആഴ്ചയിൽ 69 സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വിവിധ വിമാനക്കമ്പനികൾ സർവീസുകൾ പഴയപടിയാക്കാൻ തയ്യാറായതോടെ വടക്കൻ മലബാറിലെ പ്രവാസികൾക്കും ബിസിനസ് യാത്രികർക്കും ഇത് വലിയ ആശ്വാസമാകും.
യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് കണ്ണൂരിൽ നിന്നുള്ള വിപുലമായ അന്താരാഷ്ട്ര ശൃംഖലയാണ് ജൂലൈ മുതൽ സജ്ജമാകുന്നത്.
പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രമുഖ ഗൾഫ് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
അബുദാബി: ആഴ്ചയിൽ 14 സർവീസുകൾ (ഏറ്റവും കൂടുതൽ). ഷാർജ: ആഴ്ചയിൽ 12 സർവീസുകൾ. ദോഹ: ആഴ്ചയിൽ 10 സർവീസുകൾ. ദുബായ്: ആഴ്ചയിൽ 9 സർവീസുകൾ. ഫുജൈറ: ആഴ്ചയിൽ 7 സർവീസുകൾ.
മസ്‌കറ്റ്: ആഴ്ചയിൽ 4 സർവീസുകൾ. റിയാദ്, റാസൽഖൈമ, കുവൈറ്റ്: ആഴ്ചയിൽ 3 സർവീസുകൾ വീതം. ജിദ്ദ, ബഹ്‌റൈൻ: ആഴ്ചയിൽ 2 സർവീസുകൾ വീതം.
യാത്രക്കാർക്ക് കൂടുതൽ സമയക്രമീകരണ സാധ്യതകളും മികച്ച കണക്റ്റിവിറ്റിയും നൽകാൻ ഈ പുതിയ പ്രതിവാര ഷെഡ്യൂളിലൂടെ സാധിക്കുമെന്ന് കിയാൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യാന്തര റൂട്ടുകൾക്ക് പുറമേ കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും കരുത്താർജ്ജിച്ചിട്ടുണ്ട്. പ്രവാസികൾക്ക് കണക്റ്റിംഗ് ഫ്ലൈറ്റ് എളുപ്പമാക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ്സ് തങ്ങളുടെ ബംഗളൂരു സർവീസുകൾ പുനരാരംഭിച്ചു.
ഇതോടൊപ്പം ഇൻഡിഗോ ഹൈദരാബാദിലേക്ക് പുതിയ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന വാണിജ്യ ട്രാൻസിറ്റ് ഹബ്ബുകളിലേക്കുള്ള യാത്ര ഇത് കൂടുതൽ എളുപ്പമാക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.