കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
മലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം, കണ്ണൂർ പോലീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. എറണാകുളം മരട് സ്വദേശി സനല്‍ സി.എസ്. സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈൻ വ്ലോഗർമാർ വ്യാജപ്രചാരണം നടത്തുന്നുവെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ക്ഷേത്രത്തിലെ യഥാർത്ഥ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വ്‌ളോഗർമാർ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. വസ്ത്രാവശിഷ്ടങ്ങള്‍ ബാവലിപ്പുഴയില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കുന്നത് പുഴയുടെയും വനമേഖലയുടെയും മലിനീകരണത്തിന് കാരണമാകുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിലെ ഈ പ്രചാരണം പരിസ്ഥിതിലോല പ്രദേശമായ കൊട്ടിയൂരിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഇത് ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നുവെന്നും, ക്ഷേത്രപരിസരത്ത് വ്‌ളോഗർമാരും ഭക്തരും തമ്മില്‍ നിരന്തരം തർക്കങ്ങള്‍ ഉണ്ടാകുന്നുവെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പോലീസ് അടിയന്തരമായി ഇടപെടണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അഭിഭാഷകൻ ആദിത് കിരണ്‍ ആർ.എസ്. ഹർജിക്കാരന് വേണ്ടി ഹാജരായി. കേസ് സെപ്തംബർ എട്ടിന് വീണ്ടും പരിഗണിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.