കണ്ണൂർ നഗരത്തിൽ മതിയായ യാത്രാ രേഖകളില്ലാതെ അനധികൃതമായി തങ്ങി സ്പാകളിൽ ജോലി ചെയ്തുവന്ന മൂന്ന് ബംഗ്ലാദേശി യുവതികൾ കൂടി പോലീസ് പിടിയിൽ.
കണ്ണൂർ ടൗൺ പോലീസ് നടത്തിയ തന്ത്രപരമായ തിരച്ചിലിലാണ് അതിർത്തി കടന്നെത്തിയ വിദേശ വനിതകൾ വലയിലായത്.
വ്യാജ വിലാസവും സ്പായുടെ മറവും!
ബംഗ്ലാദേശ് സ്വദേശിനികളായ ജമാൽപൂരിലെ നസ്മ അക്തർ (40), ബുൾനയിലെ തസ്ലീമ ഖാത്തുൺ (25), മൊയ്‌ന ഖാത്തുൺ (29) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കക്കാട് ഒണ്ടൻ പറമ്പിന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കണ്ണൂരിലെ 'ആയുഷ് സ്പാ' നടത്തുന്ന ബെപിൻ എന്നയാൾ വാടകയ്‌ക്കെടുത്ത സ്ഥലത്താണ് ഇവർ താമസിച്ചു വന്നത്.
ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് വൻ ശൃംഖല!
നേരത്തെ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ 'മൈ സ്പാ' എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വന്ന ബംഗ്ലാദേശ് ഫരീദ്പൂർ സ്വദേശിനി സലീന അക്തറിനെ (29) പോലീസ് പിടികൂടിയിരുന്നു.
ഇന്റലിജൻസ് വിവരത്തെ തുടർന്ന് പിടിയിലായ സലീനയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇപ്പോൾ പിടിയിലായ മൂന്നു പേരെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
ഇവർ ഏതുവഴിയാണ് ഇന്ത്യൻ അതിർത്തി കടന്നെത്തിയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
റെയ്ഡ് ശക്തമാക്കാൻ പോലീസ്
കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി.കെ. അഭിലിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ സനൂപ്, വിജിന, ബാലമണി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും കണ്ണൂരിലെ സ്ഥാപനങ്ങളും സ്പാകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.