Kannur

ഓണക്കാല തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; സുരക്ഷ ശക്തമാക്കി കണ്ണൂർ സിറ്റി പോലീസ്

ഓണക്കാല തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; സുരക്ഷ ശക്തമാക്കി കണ്ണൂർ സിറ്റി പോലീസ്

ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നേത‍ൃത്വത്തിൽ സമഗ്രമായ ട്രാഫിക് മാനേജ്‌മെന്റ് പ്ലാൻ നടപ്പിൽ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്.

 കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിൽ ആഗസ്റ്റ് 15 മുതൽ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കുന്നത്.
 പൊതുഗതാഗതത്തേക്കാൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് വർധിച്ചതും, ഓണം വിപണി സജീവമായതും, പയ്യാമ്പലം ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളുടെ ഒഴുക്ക് കൂടിയതും കണക്കിലെടുത്താണ് പോലീസിന്റെ ഈ അടിയന്തര നടപടി. 

കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആസാദ് എം.പിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, കണ്ണൂർ ട്രാഫിക് എസ്.ഐ എന്നിവർക്കാണ് വിവിധ മേഖലകളിലെ സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.  

നഗരത്തിലെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനായി 23 പ്രധാന ട്രാഫിക് പോയിന്റുകളിലായി ആകെ 52 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

 ഐ.ഒ.സി ജംഗ്ഷൻ, പ്ലാസ, എസ്.ബി.ഐ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, മാർക്കറ്റ്, മുനീശ്വരൻ കോവിൽ, ജെ.എസ് പോൾ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, എസ്പിസിഎ ജംഗ്ഷൻ, ഗാന്ധി സർക്കിൾ, ചേമ്പർ ജംഗ്ഷൻ, പോലീസ് ക്ലബ് ജംഗ്ഷൻ, കക്കാട് റോഡ്, എകെജി ബസ് സ്റ്റോപ്പ്, പള്ളിക്കുന്ന് ശ്രീപുരം, മേലെ ചൊവ്വ, തെഴ്ക്കിൽ പീടിക,

 കാപ്പാട് റോഡ് ജംഗ്ഷൻ, താഴെ ചൊവ്വ, താണ, പ്രഭാത്, എസ്.എൻ പാർക്ക്, ഹെഡ് പോസ്റ്റ് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിൽ ഓരോ പോയിന്റിലും ചുരുങ്ങിയത് രണ്ട് പോലീസുകാരെ വീതം ട്രാഫിക് നിയന്ത്രണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.  

വൈകുന്നേരം 4:00 മണി മുതൽ രാത്രി 10:00 മണി വരെയുള്ള തിരക്കേറിയ സമയങ്ങളിൽ നഗരത്തിൽ പ്രത്യേക സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കും. 

മോഷണം, മാലപൊട്ടിക്കൽ, ലഹരി ഉപയോഗം, സ്ത്രീകളെ ശല്യം ചെയ്യുന്നത്, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി യൂണിഫോമിലും മഫ്തിയിലുമായി 17 ബീറ്റുകളിലായി 54 ഉദ്യോഗസ്ഥരെ ബീറ്റ് പട്രോളിംഗിനായി   നിയോഗിച്ചിട്ടുണ്ട്.

 പയ്യാമ്പലം ബീച്ച്, പടന്നപ്പാലം തിയേറ്റർ കോംപ്ലക്സ്,  പോലീസ് മൈതാനിയിലെ ഓണം ഫെയർ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡിലെ പൂവിപണി, റെയിൽവേ സ്റ്റേഷൻ, സെന്റ് ആഞ്ചലോസ് കോട്ട, ബേബി ബീച്ച് തുടങ്ങിയ പ്രധാന വിനോദസഞ്ചാര- വ്യാപാര മേഖലകളിൽ പ്രത്യേക പിക്കറ്റുകളും മഫ്തി പോലീസിന്റെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.

 കൂടാതെ തീരദേശ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ പയ്യാമ്പലം ഭാഗത്ത് പ്രത്യേക പട്രോളിംഗും ഉണ്ടാകും.  

നഗരത്തിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും തടസ്സങ്ങൾ ഉടനടി നീക്കുന്നതിനുമായി അഞ്ച് മൊബൈൽ പട്രോൾ യൂണിറ്റുകളും നാല് ബൈക്ക് പട്രോൾ യൂണിറ്റുകളുമായി 26 അംഗ സംഘം പ്രധാന റോഡുകളിൽ മുഴുവൻ സമയ പട്രോളിംഗ് നടത്തും.

 ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും, സ്കൂൾ-ആശുപത്രി മേഖലകളിലെ സുരക്ഷയ്ക്കും ഈ സംഘങ്ങൾ പ്രത്യേക മുൻഗണന നൽകും.  

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരത്തിൽ കർശനമായ പാർക്കിംഗ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിലും ഇടുങ്ങിയ റോഡുകളിലും ബസ് റൂട്ടുകളിലും ദേശീയപാതയോരങ്ങളിലും പാർക്കിംഗ് കർശനമായി നിരോധിച്ചു. 

പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സൗത്ത് ബസാർ, പയ്യാമ്പലം ബീച്ച് ഏരിയ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. നിരോധിത മേഖലകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.  

തിരക്കേറിയ സമയങ്ങളിൽ കണ്ണൂർ ടൗണിലേക്ക് വലിയ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനായി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 കോഴിക്കോട് ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ താഴെ ചൊവ്വ വഴി സിറ്റി, ​ജില്ലാ ഗവൺമെന്റ് ആശുപത്രി, ചാലാട് വഴി വളപട്ടണത്തേക്കും,

 കാസർഗോഡ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുതിയതെരു, കക്കാട് വഴി താണയിലേക്കും തിരിച്ചുവിടും. 

പൊടിക്കുണ്ട്, താണ എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക പോലീസിനെ വിന്യസിക്കും. പീക്ക് സമയങ്ങളിൽ പൊതുജന സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന പൊതുയോഗങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ലെന്നും, ഓണക്കാലത്ത് നഗരത്തിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ പൊതുജനങ്ങൾ പോലീസുമായി പൂർണ്ണമായി സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.






News Desk
2026-08-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.