തിരുവനന്തപുരം : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 30 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം.
പടിഞ്ഞാറൻ രാജസ്ഥാനും സമീപ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ന്യൂനമർദവും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴയുടെ ശക്തി വർധിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.