World

മാജിക്കൽ തിരിച്ചുവരവ് നടത്തി മെസ്സിയും പിള്ളേരും, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ

മെസ്സിപ്പടയെന്ന പേര് അന്വർഥമാക്കും വിധം രണ്ട് ഗോളുകൾക്കും വഴിയൊരുക്കി മെസ്സി തിളങ്ങി

അറ്റ്‌ലാന്റ: ലോകകപ്പിൽ ത്രസിപ്പിക്കുന്ന തിരിച്ചുവരവുമായി ഫൈനലുറപ്പിച്ച് അർജൻ്റീന. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് അർജൻ്റീന ഫൈനലിലെത്തിയത്. 84ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിൽ നിന്ന ടീം അവസാന ഏഴു മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ ഇംഗ്ലീഷ് വലയിലേക്ക് അടിച്ചുകയറ്റിയാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഫൈനലിലെത്തിയത്. മെസ്സിപ്പടയെന്ന പേര് അന്വർഥമാക്കും വിധം രണ്ട് ഗോളുകൾക്കും വഴിയൊരുക്കി മെസ്സി തിളങ്ങി.

55ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആൻ്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗറ്റാറോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു. രണ്ട് ഗോളിനും വഴിയൊരുക്കിയ ലിയോണൽ മെസ്സിയാണ് അർജൻ്റീനയുടെ വിജയശിൽപ്പി. 20ാം തീയതി നടക്കുന്ന ഫൈനലിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയിനാണ് അർജന്റീനയുടെ എതിരാളികൾ.

കളിയുടെ രസച്ചരടുകൾ മറന്ന കൈയ്യാങ്കളിയിലാണ് ആദ്യപകുതിയുടെ അവസാനം. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. ആദ്യ 30 മിനിറ്റിൽ ഇരുടീമുകൾക്കും ഒരു​ഗോൾ പോലും നേടാനായില്ല. തുടർച്ചയായ ഫൗളുകളും മത്സരം ഇടയ്ക്കിടെ തടസപ്പെടുത്തി. 37ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മധ്യനിര താരം എലിയറ്റ് ആൻഡേഴ്‌സൺ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് വാങ്ങി. ലയണൽ മെസ്സിയെ ഫൗൾ ചെയ്തതിനായിരുന്നു മഞ്ഞക്കാർഡ് ലഭിച്ചത്. 41ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാമിന്റെ കൗണ്ടർ അറ്റാക്ക് തടഞ്ഞതിന് അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനും മഞ്ഞക്കാർഡ് കിട്ടി.

ആദ്യ ഗോളിൻ്റെ ആനുകൂല്യത്തിൽ പ്രതിരോധത്തിലേക്ക് ഇംഗ്ലണ്ട് വലിഞ്ഞപ്പോൾ തുടരെ മാറ്റങ്ങളുമായി അർജൻ്റൈൻ പരിശീലകൻ സ്കലോണിയുടെ തന്ത്രം. ഡിപോളും ഓട്ടമെൻഡിയും ഗോൺസാലസും മൊണ്ടിയേലും ആദ്യമെത്തി. കളിതീരാൻ 9 മിനിറ്റ് ബാക്കിയുള്ളപ്പോൾ പ്രതിരോധതാരം ടാഗ്ലിയാഫിക്കോയെ മാറ്റി ലൗറ്റാറോയെ ഇറക്കാൻ തീരുമാനിച്ചപ്പോൾ തന്നെ അർജൻ്റീനയുടെ നീക്കം വ്യക്തം. പിന്നാലെ തിരിച്ചടി.

പിന്നെ അർജൻ്റീനയുടെ ജയത്തിനും മെസ്സിയുടെ ത്യാഗത്തിനും ഇടയിൽ ഏഴേ ഏഴ് മിനിറ്റുകൾ. തുടരെ ആക്രമണം. ഒടുവിൽ തളികയിലെന്നത് പോലെ ലൗറ്റാറോ മാർട്ടിനെസിലേക്ക് മെസ്സിയുടെ ക്രോസ്. തുടരെ രണ്ടാം ഫൈനലും മെസ്സിപ്പട ഉറപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഇത് ഏഴാം തവണയാണ് അർജൻ്റീന കലാശപ്പോരാട്ടത്തിന് യോഗ്യതയുറപ്പിക്കുന്നത്. മെസ്സിക്ക് കരിയറിലെ മൂന്നാം ലോകകപ്പ് ഫൈനലും.






News Desk
2026-07-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.