ന്യൂയോർക്ക്:തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ട് ഇറങ്ങിയ ഫ്രാൻസിന്റെ ചിറകരിഞ്ഞ് സ്പാനിഷ് പട. ഡാളസിൽ നടന്ന ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയ സ്പെയിൻ 2010 നു ശേഷം ആദ്യമായി ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിൽ ഇംഗ്ലണ്ടോ അർജന്റീനയോ ആകും അവരുടെ എതിരാളികൾ.
ടൂർണ്ണമെന്റിലുടനീളം പരാജയമറിയാതെ എത്തിയ സ്പെയിനും എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഫ്രാൻസും തമ്മിലുള്ള പോരാട്ടം അത്യന്തം വാശിയേറിയതായിരുന്നു. എന്നാൽ ഫ്രഞ്ച് അക്രമണനിരയെ തങ്ങളുടെ സ്വതസിദ്ധമായ ഷോർട് പാസ്സുകളിലൂടെ സ്പെയിൻ മറികടക്കുകയായിരുന്നു. സ്പാനിഷ് ഗോളി സിമോണും പ്രതിരോധത്തിലെ മതിലുകളായ ലപോർട്ട –ക്യൂബാർസി ദ്വയവും ചേർന്ന് എംബപ്പേയെയും കൂട്ടരെയും ചുരുട്ടിക്കെട്ടി.
പതിയെ പതിയെ കളിയുടെ നിയന്ത്രണം സ്പെയിൻ ഏറ്റെടുത്തു. നിരന്തരമായ അക്രമണങ്ങളിലൂടെ അവർ ഫ്രാൻസിനെ സമ്മർദ്ദത്തിലാക്കി. കളിയുടെ 22 ആം മിനുട്ടിൽ സ്പെയിൻ മുന്നിലെത്തി. ഇന്നലെ തന്റെ 19ആം പിറന്നാൾ ആഘോഷിച്ച ലാമിനെ യമാൽ വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റം അവസാനിപ്പിക്കാൻ പെനാൽറ്റി ബോക്സിനകത്ത് വച്ച് ലൂക്കാസ് ഡിഗ്നെയ്ക്ക് പരുക്കൻ അടവുകൾ പുറത്തെടുക്കേണ്ടി വന്നു. തുടർന്ന് കിട്ടിയ പെനാൽറ്റി ഒയാർസബാൽ അനായാസേന വലയിലാക്കി.
രണ്ടാം പകുതിയിലും സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നില്ല. എംബപ്പേയും കൂട്ടരും നിറം മങ്ങിയതോടെ പിന്നിൽ നിന്നും കൂടുതൽ കളിക്കാരെ ആക്രമണത്തിന് അഴിച്ചുവിടാൻ നിർബന്ധിതനായി. ഇത് പലപ്പോഴും ഫ്രഞ്ച് പ്രതിരോധത്തിൽ വിടവുകൾ തീർത്തു. കളിയുടെ 58ആം മിനുട്ടിൽ ഈ ദൗർബല്യം സ്പെയിൻ മുതലാക്കി. പരസ്പരം പന്ത് കൈമാറി മുന്നേറിയ ഡാനി ഓൾമോയും പെഡ്രോ പോറോയും നടത്തിയ മുന്നേറ്റം തടയാൻ ഫ്രാൻസിന് കെല്പില്ലായിരുന്നു. പെഡ്രോ നിലം പറ്റെ അടിച്ച ഷോട്ട് വലയിലാകുന്നത് കണ്ടു നിൽക്കാനേ ഫ്രഞ്ച് താരങ്ങൾക്ക് കഴിഞ്ഞുള്ളു.തൊട്ടു പിന്നാലെ ലാമിനെ യമാലിന്റെ ഷോട്ട് വലയിലെത്തിയെങ്കിലും ഓഫ് സൈഡ് ആയി വിധിക്കപ്പെട്ടതിനാൽ ഫ്രാൻസിന്റെ തോൽവിയുടെ ഭാരം കുറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.