ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ റെയില്‍വേ ബോര്‍ഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രവര്‍ത്തനപരമായ ആവശ്യകതകള്‍ കണക്കിലെടുത്താണ് വിഭജനം എന്നാണ് റെയില്‍വേ വിജ്ഞാപനത്തില്‍ നല്‍കുന്ന വിശദീകരണം. മാറ്റങ്ങള്‍ 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സതേണ്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷനും തമ്മിലുള്ള കൈമാറ്റ കേന്ദ്രം (Inter Change Point) പാടിലില്‍ നിന്ന് ഉള്ളാലിലേക്ക് മാറും. കൂടാതെ, തോക്കൂര്‍ ഇന്റര്‍ചേഞ്ച് പോയിന്റ് ഇപ്പോള്‍ കൊങ്കണ്‍ റെയില്‍വേയ്ക്കും മൈസൂരു ഡിവിഷനും ഇടയില്‍ പ്രവര്‍ത്തിക്കും എന്നും വിജ്ഞാപനത്തില്‍ പറയുന്നു.വലിയ ആശങ്കയാണ് ഇത് സംസ്ഥാനത്ത് ഉയര്‍ത്തിയിരിക്കുന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന്‍ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.