തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറേകാൽ മുതൽ രാത്രി പന്ത്രണ്ട് മുക്കാൽ വരെ നിയന്ത്രണത്തിന് സാധ്യത. സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 400 മുതൽ 600 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിന് പുറത്ത് ഉൾപ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ആയിട്ടില്ല.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുമുണ്ട്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്.
ഇന്ന് 900 മെഗാവാട്ടിൻ്റെ കുറവ് ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. അവധി ദിനം ആയതിനാൽ ഇന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവ് വരുമെന്ന പ്രതീക്ഷയും കെഎസ്ഇബിക്ക് ഉണ്ട്. സർക്കാർ പലതരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.ആണവ താപനിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.