പാരീസ് ∙ ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ സാഹചര്യം, ആഗോള രാഷ്ട്രീയ വിഷയങ്ങൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ തുടങ്ങിയവയാണ് ചർച്ചകളിൽ പ്രധാനമായും ഇടംപിടിച്ചത്.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. രാജ്യാന്തര കപ്പൽ ചാലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. റഷ്യ–യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ ആക്രമണമുണ്ടായാൽ യുഎസ് ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. തമാശരൂപേണ, ഇന്ത്യയിൽ പുതിയൊരു നേതാവാണെങ്കിൽ തനിക്ക് അത്ര ഉറപ്പില്ലെങ്കിലും മോദി തന്നെയാണ് നേതാവെങ്കിൽ സഹായിക്കാൻ യുഎസ് ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം വാഷിങ്ടനിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെട്ടതായും നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും വേഗത്തിൽ മുന്നോട്ടുപോകുകയാണെന്നും മോദി പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.