തിരുവനന്തപുരം: നിത്യച്ചെലവുകൾക്കിടയിൽ കുടുംബബജറ്റ് കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർക്ക് തിരിച്ചടിയായി സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. അരി മുതൽ പരിപ്പും പയറുവർഗങ്ങളും വരെ വില ഉയർന്നതോടെ അടുക്കളച്ചെലവ് വീണ്ടും വർധിക്കുകയാണ്. ഒരു മാസത്തിനിടെ മൊത്തവിപണിയിൽ പൊന്നി അരിക്ക് കിലോയ്ക്ക് 14 രൂപയും തുവരപ്പരിപ്പിന് 20 രൂപയുമാണ് കൂടിയത്. കടല, ഉഴുന്ന്, വൻപയർ, ചെറുപയർ, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കും വില ഉയരുകയാണ്.
വടക്കൻ കേരളത്തിലെ പ്രധാന മൊത്തവിതരണ കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് വലിയങ്ങാടിയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ വർധനയുടെ വ്യാപ്തി വ്യക്തമാകും. മൊത്തവിപണിയിൽ ഒരു കിലോ പൊന്നി അരിയുടെ വില 73 രൂപയിലെത്തി. ഓണക്കാലത്ത് 58 രൂപയായിരുന്ന അരിക്കാണ് ഇപ്പോൾ ഇത്രയും വില നൽകേണ്ടിവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം കിലോയ്ക്ക് 14 രൂപയുടെ വർധന രേഖപ്പെടുത്തി.
കുറുവ അരിയുടെ വിവിധ ഇനങ്ങൾക്കും ഓണത്തിനുശേഷം കിലോയ്ക്ക് മൂന്ന് രൂപ വീതം വില കൂടിയിട്ടുണ്ട്. ഇതോടെ അരി വാങ്ങുന്നതിനായി കുടുംബങ്ങൾ കൂടുതൽ തുക കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.
ബിരിയാണി തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൈമ അരിയുടെ വിലയും വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ജൂലൈ മുതൽ വില കുതിച്ചുയർന്നിരുന്ന കൈമ അരിക്ക് ഇടക്കാലത്ത് നേരിയ കുറവുണ്ടായെങ്കിലും ഇപ്പോൾ വീണ്ടും വർധന രേഖപ്പെടുത്തുന്നു. നിലവിൽ കിലോയ്ക്ക് 180 രൂപയിലേക്കാണ് വില എത്തിയിരിക്കുന്നത്. കോല അരിയുടെ വിലയിലും വർധനയുണ്ടായിട്ടുണ്ട്.
അരിക്കു പുറമേ മലയാളിയുടെ അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങൾക്കും വില കൂടിയിട്ടുണ്ട്. മൊത്തവിപണിയിൽ തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ കിലോയ്ക്ക് 20 രൂപയാണ് വർധിച്ചത്. കടലയ്ക്ക് പത്ത് രൂപയും ഉഴുന്നിന് എട്ട് രൂപയും കൂടി. വൻപയറിന്റെ വിലയിൽ കിലോയ്ക്ക് 14 രൂപയുടെ വർധനയുണ്ടായി. ചെറുപയറിനും വില ഉയർന്നിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വില ഒരേസമയം ഉയരുന്നത് സാധാരണ കുടുംബങ്ങളുടെ പ്രതിമാസ ഭക്ഷണച്ചെലവിൽ അധികഭാരം സൃഷ്ടിക്കുകയാണ്. മറ്റ് ജീവിതച്ചെലവുകൾക്കൊപ്പം ഭക്ഷണത്തിനും കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയാണ് കൂടുതൽ ബാധിക്കുക.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.