മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ ജീവിതത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ വരുത്തണം, എന്നും ജിമ്മില്‍ പോകണം, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം, യോഗ ചെയ്യണം, അങ്ങനെ പല കാര്യങ്ങളായിരിക്കും മനസിലേക്ക് വരുന്നത്. പലര്‍ക്കും ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടാകും. എന്നാല്‍ സമയം കിട്ടുന്നില്ല എന്നതാണ് പ്രശ്നം അല്ലേ?. എന്നാല്‍ ഇതൊന്നും വേണ്ട. വെറും 10 മിനിറ്റ് സമയം മാറ്റിവച്ചാല്‍ മതി നിങ്ങളുടെ ആരോഗ്യം വേഗത്തില്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ ഫോണ്‍ നോക്കിയിരിക്കുന്നവരാണ് കൂടുതലും. എന്നാല്‍ അതിന് പകരം അല്‍പ്പനേരം ജനലുകള്‍ തുറന്നിട്ട് പുറത്തെ കാഴ്ചകള്‍ കാണുകയോ പുറത്തിറങ്ങി ഇളം വെയില് കൊള്ളുകയോ ചെയ്യാം. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഒരു ദിവസത്തേക്കുള്ള സര്‍ക്കാര്‍ഡിയന്‍ താളം സജ്ജമാക്കുകയാണ് ചെയ്യുന്നത്. ഈ ശീലം സ്ഥിരമായി പിന്തുടരാന് ശ്രമിക്കേണ്ടതാണ്.
ദിവസവും വളരെ ദൂരം നടക്കണമെന്നൊന്നുമില്ല. ഉച്ച ഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഒരു ചെറിയ നടത്തം മതി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ നടത്തത്തിലൂടെ പേശികള്‍ക്ക് രക്തത്തില്‍നിന്ന് ഗ്ലൂക്കോസിനെ കൂടുതല്‍ കാര്യക്ഷമമായി ആഗീരണം ചെയ്യാന്‍ കഴിയും. ഇത് ഭക്ഷണത്തിന് ശേഷമുള്ള ഊര്‍ജ്ജ വിഘടനത്തെ സുഗമമാക്കുന്നു. ഓഫീസിലായാലും വീട്ടിലായാലും ഇക്കാര്യത്തിനായി ഒരു 10 മിനിറ്റ് മാറ്റിവയ്ക്കാവുന്നതാണ്.
എല്ലാ ദിവസവും ഒരു അഞ്ച് മിനിറ്റ് ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക. കണ്ണുകള്‍ അടച്ചോ തുറന്നുവച്ചോ എവിടെയെങ്കിലും നിശബ്ദമായിരിക്കുക. ഹൃദയമിടിപ്പ് സ്ഥിരമാക്കാനും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും തലച്ചോറിന് വിശ്രമം നല്‍കാനും ഈ ഇടവേളകള്‍ സഹായിക്കുന്നു.
നിങ്ങള്‍ക്ക് മന്ദത അനുഭവപ്പെടുമ്പോഴോ അമിത ഭാരം അനുഭവപ്പെടുമ്പോഴോ 30 സെക്കന്റ് നേരം മുഖത്തും കൈത്തണ്ടയുടെ ഉളളിലും തണുത്ത വെള്ളം ഒഴിക്കുക. ഇത് ഡൈവ് റിഫ്ളക്സിനെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് ക്രമത്തിലാവുകയും ശ്രദ്ധ നിങ്ങളിലേക്ക് തന്നെ തിരിച്ച് കൊണ്ടുവരികയും ചെയ്യുന്നു.
വെറും മൂന്ന് മിനിറ്റ് ചെലവഴിച്ച് ഉറങ്ങുംമുന്‍പ് ഡയറിയില്‍ 3 കാര്യങ്ങള്‍ എഴുതാന്‍ ശ്രദ്ധിക്കുക. അതില്‍ ഒന്നാമത്തേത് ഈ ദിവസം നടന്ന ഒരു നല്ല കാര്യം, നിങ്ങള്‍ക്ക് നന്ദിയുള്ള ഒന്ന്, നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം. ഉറങ്ങുന്നതിന് മുന്‍പ് പോസിറ്റീവ് കാര്യങ്ങള്‍ മനസിലേക്ക് കൊണ്ടുവരാനാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്.
ഇക്കാര്യങ്ങള്‍ പതിവായി ചെയ്യുന്ന ആളുകളില്‍ ഉത്കണ്ഠ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.