കണ്ണൂർ: കണ്ണൂർ നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണ്ണമാല പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തി ഉടമയായ യുവതിക്ക് തിരികെ നൽകി മാതൃകയായി.
കണ്ണൂർ ടൗണിൽ സ്വർണ്ണമാല നഷ്ടപ്പെട്ടതായി കാണിച്ച് ലഭിച്ച യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്.
പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽ നിന്നും മാല താഴെ വീഴുന്നതും, തൊട്ടുപിന്നാലെ നടന്നു വന്ന രണ്ട് സ്ത്രീകൾ അത് എടുത്തുകൊണ്ടു പോകുന്നതും വ്യക്തമായിരുന്നു. പിന്നീട് ഈ സ്ത്രീകൾ എവിടേക്കാണ് പോയതെന്ന് സിസിടിവി ക്യാമറകളിലൂടെ പൊലീസ് പിന്തുടർന്നു. ഇവർ അടുത്തുള്ള ഒരു കടയിൽ കയറിയതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്. കടയിൽ മൊബൈൽ ഫോൺ വാങ്ങാനായി അന്വേഷിച്ചെത്തിയ ഈ സ്ത്രീകളുടെ ഫോൺ നമ്പർ അവിടുത്തെ സെയിൽസ് ഗേൾ കുറിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് മനസ്സിലാക്കാൻ സാധിച്ചു.
തുടർന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ സെയിൽസ് ഗേളുമായി ബന്ധപ്പെട്ട് നമ്പർ ശേഖരിക്കുകയും, മാല ലഭിച്ച സ്ത്രീകളെ ഫോണിൽ വിളിക്കുകയും ചെയ്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവരിൽ നിന്നും സ്വർണ്ണമാല തിരികെ വാങ്ങി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ വിപിൻ ടി എം
യഥാർത്ഥ ഉടമയ്ക്ക് കൈമാറി അന്വേഷണമികവ് തെളിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.