വയനാട്: വയനാട് ടൗൺഷിപ്പിൽ വിള്ളലേറ്റെന്ന് പരാതി ഉയർന്ന വീട് സന്ദർശിച്ച് റവന്യൂ മന്ത്രി കെ. രാജൻ. വിള്ളലേറ്റ സ്ഥലം പരിശോധിച്ചു. വീടുകളുടെ വാട്ടർ പ്രൂഫിങ്ങ് നടപടികൾ പൂർത്തിയായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്ത ശരിയല്ല. ചെറുതായി വെള്ളം കിനിഞ്ഞ ഭാഗത്ത് പെൻസിൽ കൊണ്ട് വരച്ചതാണ്. നിരവധി പരിശോധനകൾ നടത്തിയ ശേഷം പൂർണമായും പ്രശ്നങ്ങൾ ഇല്ലെന്നുറപ്പിച്ച് മാത്രമേ ദുരന്തബാധിതർക്ക് വീടുകൾ കൈമാറൂ. ദുരന്തബാധിതർ കൂടി കണ്ട് വീടുകൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പിച്ചാണ് വീടുകൾ കൈമാറുകയെന്നും മന്ത്രി പറഞ്ഞു.
വീട് കൈമാറി കഴിഞ്ഞാലും അഞ്ച് വർഷത്തേക്ക് വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾ ഊരാളുങ്കൽ കമ്പനി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. നികത്തും വരെ ഓരോ വീടിൻ്റേതുമായി കമ്പനിക്ക് നൽകാനുള്ള ഒരു നിശ്ചിതസംഖ്യ സർക്കാർ പിടിച്ചുവയ്ക്കും. അഞ്ച് വർഷത്തിന് ശേഷം ആരുടെയും പരാതി അവരുടെ വീടുകളിലില്ലെങ്കിൽ മാത്രം പിടിച്ചുവച്ച പണം റിലീസ് ചെയ്യും. അത്രയും ഉത്തരവാദിത്തത്തോടെയാണ് ഈ വീടുകളുടെ നിർമാണം സർക്കാർ പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമവാർത്തകളിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 മാസവും ഒരു മാസം പോലും തെറ്റാതെ വാടകയും, ദിനബത്തയും, കൂപ്പണും സർക്കാർ ചൂരൽമല ദുരന്തബാധിതർക്ക് നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് സർക്കാരിൻ്റെ ഔദാര്യമല്ല, ജനങ്ങളുടെ ആവകാശം തന്നെയാണ്. എന്നാൽ, ഒരു ദുരന്തമുണ്ടായി 21 മാസത്തോളം മുറ തെറ്റാതെ ഇവയെല്ലാം ചെയ്യുന്നത് കേരളത്തിലുണ്ടായ ചൂരൽമല ദുരന്തബാധിതർക്ക് മാത്രമാകും. ഇന്ത്യയിലോ കേരളത്തിലോ മുൻപ് അത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏപ്രിൽ 15ന് വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഊരാളുങ്കൽ കമ്പനി നൽകിയ ഉറപ്പിന് ശേഷം തന്നെയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ തെരത്തെടുപ്പുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് പോയത് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചു. ഇന്ന് വൈകീട്ടോട് കൂടി 102 വീടുകളുടെ നിർമാണം പൂർത്തീകരിക്കുമെന്നാണ് ഊരാളുങ്കൽ നൽകിയിട്ടുള്ള വിവരം. വീടുകളുടെ നിർമാണം അതിവേഗം പൂർത്തീകരിക്കും. 178 വീടുകളിലേക്കുള്ള റോഡിൻ്റെ നിർമാണവും പത്ത് ദിവസത്തിനകം പൂർത്തീകരിക്കുമെന്നും കിഫ്കോണും ഊരാളുങ്കലും ഉറപ്പ് നൽകിയതായും മന്ത്രി വിശദീകരിച്ചു. മെയ് മാസം ആദ്യവാരം തന്നെ 178 വീടുകൾ കൈമാറും. ഇക്കാര്യത്തിൽ യുഎൽസിസി ഉറപ്പുനൽകിയിട്ടുണ്ട്. താമസക്കാർക്ക് ഒരു ലക്ഷം വരെ രൂപ ഫർണീച്ചറിനായി നൽകാൻ സർക്കാർ തീരുമാനമെടുത്തതായും മന്ത്രി അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.