കൊച്ചി: പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' ജനുവരി 23ന് തിയേറ്ററുകളിൽ. പ്രേക്ഷകർ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എന്റർടെയ്നറായാണ് എത്തുന്നത്.
ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സിനിമയുടെ ട്രെയ്‌ലർ സൂചന നൽകിയിട്ടുള്ളത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'തലോടി മറയുവതെവിടെ നീ...' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.
ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.