തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്നത് പ്രചാരവേലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുങ്ങുന്ന കപ്പല്‍ എന്നെല്ലാം പ്രയോഗങ്ങള്‍ നടത്തുന്നു. എന്നാല്‍ കപ്പല്‍ അങ്ങനെ മുങ്ങുന്നില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടാനാകുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
58 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് നേട്ടമുണ്ട്. മനോരമ തയ്യാറാക്കിയ കണക്കില്‍ എതിരില്ലാത്ത തിരഞ്ഞെടുക്കപ്പെട്ടിടത്തെ വോട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. 500-600 വോട്ടിന്‍റെ വ്യത്യാസത്തിലുള്ള മണ്ഡലങ്ങളുണ്ട്. ഇതൊക്കെ ചേരുമ്പോള്‍ ഇടതുപക്ഷത്തിന് ഇതിനേക്കാളിരട്ടി മണ്ഡലങ്ങളില്‍ ജയിക്കാനാകും. അടുത്ത തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടാന്‍ സാധിക്കുന്നൊരു രാഷ്ട്രീയ അടിത്തറ വ്യക്തമാണെന്നും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ചില ജില്ലകളിലെ പരാജയം ആഴത്തില്‍ വിലയിരുത്തും. കൊല്ലം കോര്‍പറേഷനിലെ തോല്‍വി പരിശോധിക്കും മധ്യകേരളത്തിലും മലപ്പുറത്തും തിരിച്ചടിയുണ്ടായി. ഏതെങ്കിലും വിഭാഗം എല്‍ഡിഎഫിന് എതിരായെന്ന് പറയാനാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്–ബിജെപി ധാരണയുണ്ടായിട്ടുണ്ട്. കോര്‍പറേഷനില്‍ 41 വാര്‍ഡില്‍ യുഡിഎഫിന് ആയിരത്തില്‍താഴെ വോട്ടാണ് ലഭിച്ചത്. ബി.ജെ.പിക്ക് മുന്നേറ്റമില്ലെന്നും ക്ഷേത്രനഗരങ്ങള്‍ പിടിക്കാമെന്ന ബി.ജെ.പി ശ്രമം പാളിയെന്നും ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് നഗരസഭയിലും തിരുവനന്തപുരം കോര്‍പ്പറേഷനിലും എല്‍ഡിഎഫ്– യുഡിഎഫ് സഹകരണ സാധ്യതയും ഗോവിന്ദന്‍ തള്ളി. അധികാരത്തിനായി കോണ്‍ഗ്രസുമായി കൂടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.