പത്തനംതിട്ട: ശബരിമലയിൽ അരവണ വിൽപ്പനയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് 18 ലക്ഷം ടിൻ അരവണ വിറ്റ സ്ഥാനത്ത് ഇത്തവണ 9 ലക്ഷം ടിൻ അരവണ മാത്രമാണ് വിറ്റിട്ടുള്ളത്. കഴിഞ്ഞ ആറു ദിവസത്തെ കണക്കാണിത്. അരവണ വിൽപ്പനയിലെ കുറവ് മൂലം ദേവസ്വം ബോർഡിന് ഇതുവരെ 8 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 20ന് നാലേകാൽ ലക്ഷം ഡപ്പി അരവണ വിറ്റിരുന്നു. എന്നാൽ, ഈ വർഷം ഇതേ ദിവസത്തെ വിൽപ്പന 2.8 ലക്ഷം മാത്രമാണ്. പോയ തീർഥാടനകാലത്ത് ഇതേസമയം ശരാശരി പ്രതിദിന വിൽപന 3.5 ലക്ഷം ഡപ്പിയായിരുന്നു. ദേവസ്വം ബോർഡിന്റെ പക്കൽ നിലവിൽ ഏകദേശം 40 ലക്ഷം അരവണ സ്റ്റോക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം മണ്ഡലകാലത്ത് കരുതൽ ശേഖരത്തിൽ 47 ലക്ഷം ഡപ്പി അരവണയുമായാണ് തീർഥാടനകാലം ആരംഭിച്ചത്. ദിവസവും 24 മണിക്കൂർ ഉൽപാദനം തുടരുന്നതാണ് ശബരിമലയിലെ രീതി. എന്നാൽ, ഇക്കുറി തീർഥാടനകാലം ആരംഭിക്കുമ്പോൾ 38 ലക്ഷം ഡപ്പി അരവണയാണ് കരുതൽ ശേഖരത്തിലുണ്ടായിരുന്നത്. ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വന്ന കുറവാണ് വിൽപനയെ വൻ തോതിൽ ബാധിച്ചതെന്നാണ് സൂചന.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.