നമ്മുടെ വീട്ടുമുറ്റങ്ങളിൽ സുലഭമായി കാണുന്ന ഒന്നാണ് മുരിങ്ങ. കാലങ്ങളായി ഇന്ത്യൻ അടുക്കളകളിലെ അവിഭാജ്യ ഘടകമാണെങ്കിലും, അടുത്ത കാലത്താണ് 'സൂപ്പർ ഫുഡ്' എന്ന വിശേഷണം മുരിങ്ങയിലയ്ക്ക് ലഭിച്ചത്. എന്നാൽ ഈ പദവി മുരിങ്ങയിലയ്ക്ക് വെറുതെ കിട്ടിയതല്ലെന്ന് വ്യക്തമാക്കുകയാണ് പോഷകാഹാര വിദഗ്ധ ലവ്നീത് ബത്ര.
തിരക്കേറിയ ജീവിതശൈലിയുള്ളവർക്കും കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഉപകരിക്കുന്ന മുരിങ്ങയിലയുടെ അഞ്ച് പ്രധാന ഗുണങ്ങൾ ഇവയാണ്.
1. പ്രകൃതിദത്ത മൾട്ടിവൈറ്റമിൻ
വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, അത്യാവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും എല്ലുകളുടെ ബലത്തിനും ശരീരത്തിന് ആവശ്യമായ ഊർജം പകരാനും സഹായിക്കുന്നു.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നു. ഇത് ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താനും സഹായിക്കും.
3. തലച്ചോറിന്റെ ആരോഗ്യത്തിനും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും
ബി-വൈറ്റമിനുകൾ, മഗ്നീഷ്യം, പോളിഫെനോൾസ് എന്നിവ മുരിങ്ങയിലയിലുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്.
4. കരളിന്റെ സംരക്ഷണത്തിന്
ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ക്വർസെറ്റിൻ, കാംഫെറോൾ തുടങ്ങിയ ഘടകങ്ങൾ മുരിങ്ങയിലയിലുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനം, മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
5. തിളക്കമുള്ള ചർമ്മവും ആന്റി-ഏജിങ്ങും
ചർമ്മത്തിലെ കൊളാജൻ സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാൻ ഇതിന്റെ പതിവായ ഉപയോഗം ഉത്തമമാണ്.
എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?
മുരിങ്ങയില ഔഷധഗുണമുള്ളതിനാൽ ചെറിയ അളവിൽ മാത്രം ഉപയോഗിച്ചു തുടങ്ങുക. ഗുരുതരമായ രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദേശം തേടുന്നത് ഉചിതമായിരിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.