മലേഷ്യ സ്വദേശിയായ പുലാസാൻ നമ്മുടെ നാട്ടിൽ പ്രചാരമേറിയിട്ട് അധികകാലമായിട്ടില്ല. എങ്കിലും, കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ നന്നായി വളരുന്ന ഒരു ഫലവൃക്ഷമാണിത്. നിലവിൽ സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട് തുടങ്ങിയ ജില്ലകളിൽ പുലാസാൻ കൃഷി ചെയ്യുന്നുണ്ട്.
'പുലാസാൻ' എന്നത് ഒരു മലയൻ പേരാണ്. മലയൻ ഭാഷയിൽ 'പുലാസ്' എന്നാൽ ചുറ്റിത്തിരിക്കുക അഥവാ ട്വിസ്റ്റ് ചെയ്യുക എന്നാണർത്ഥം. വിളഞ്ഞ പഴം ഒരു കയ്യിൽ കുത്തനെ പിടിച്ച്, മറ്റേ കൈകൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയിൽ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടർത്തിയെടുക്കുന്നത്. ഈ പ്രത്യേക വിളവെടുപ്പ് രീതിയിൽ നിന്നാണ് ഇതിന് പുലാസാൻ എന്ന പേര് ലഭിച്ചത്. കൂടാതെ, വിളഞ്ഞ പഴത്തിന് കട്ടിയുള്ള ഞെട്ടുള്ളതുകൊണ്ട് മരത്തിൽ നിന്നും ചുറ്റിത്തിരിച്ചു വേണം ഇറുത്തെടുക്കാൻ. അതുവലിയൊരു കാരണമാണ്.
സാപിൻഡേസിയേ (Sapindaceae) സസ്യകുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം നെഫേലിയം മ്യൂട്ടബെെൽ (Nephelium mutabile) എന്നാണ്. 'തെർമോസെൻസിറ്റീവ്' (Thermosensitive) സസ്യമായതിനാൽ പുലാസാന് വർധിച്ച ചൂട് താങ്ങാനാകും. 22 മുതൽ 32 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. മണ്ണിലെ പി.എച്ച് (pH) മൂല്യം 5നും 6നും ഇടയിൽ ആയിരിക്കുന്നതാണ് നല്ലത്.
സസ്യ വിവരണം
ഏതാണ്ട് 12 മീറ്ററോളം ഉയരത്തിൽ ഇടത്തരം മരമായി വളരുന്ന നിത്യഹരിത സ്വഭാവമുള്ള പുലാസാൻ, കാഴ്ചയിൽ ഒരു അലങ്കാര വൃക്ഷം കൂടിയാണ്. ഇലകൾ ചെറുതും പച്ചനിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ കലർന്ന പച്ചനിറമാണ് ഉള്ളത്. വേനൽക്കാലത്ത് പകൽ ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് മരത്തിന്റെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ വിടരുന്നത്. ജൂൺ - ജൂലൈ മാസമാകുമ്പോൾ പഴങ്ങൾ വിളവെടുപ്പിന് പാകമാകും.
പുലാസാൻ മരങ്ങൾ ആൺപൂക്കൾ മാത്രം ഉൽപ്പാദിപ്പിക്കുന്നവയും ദ്വിലിംഗ പുഷ്പങ്ങൾ മാത്രം ഉൽപ്പാദിപ്പിക്കുന്നവയുമായി രണ്ടുതരത്തിലുണ്ട്. ദ്വിലിംഗ പുഷ്പങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മരങ്ങളിൽ വളരെ കുറച്ച് ആൺപൂക്കൾ മാത്രമാണുണ്ടാവുക. എന്നാൽ ദ്വിലിംഗ പുഷ്പങ്ങളിലെ കേസരങ്ങൾ പൊട്ടി പരാഗരേണുക്കൾ പുറത്തുവരാത്തതിനാൽ അവ പെൺപൂക്കളുടെ ധർമ്മമാണ് നിർവ്വഹിക്കുന്നത്. പരാഗണം നടക്കാതെ തന്നെ കായ്കൾ ഉണ്ടാവാനുള്ള സ്വാഭാവിക കഴിവ് പുലാസനുള്ളതിനാൽ ഇത്തരം കായ്കളെ 'ഫ്ലാറ്റ് കായ്കൾ' എന്നാണ് പൊതുവെ വിളിക്കുന്നത്. നേരിയതും അഗ്രം പരന്നതുമായ മൃദുവായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും, വിളഞ്ഞുപാകമാകുമ്പോൾ മഞ്ഞ നിറത്തിലേക്കും, നന്നായി പഴുക്കുമ്പോൾ ചുവപ്പ് നിറത്തിലേക്കും മാറുന്നു.
കൃഷിരീതി
പുലാസാൻ വിത്തുവൈ തൈകളാക്കി വളർത്തിയെടുക്കാറുണ്ട്. എന്നാൽ ഈ രീതി അവലംബിക്കുമ്പോൾ കായ്ഫലമില്ലാത്ത നിരവധി ആൺമരങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ചെറിയ പ്രായത്തിൽ ഇവയുടെ ലിംഗഭേദം തിരിച്ചറിയാൻ സാധിക്കില്ല. അതിനാൽ ബഡ് ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ നടീൽ വസ്തുക്കളാണ് ഇന്ന് സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരം തൈകൾ വേഗത്തിൽ വളരുകയും നട്ട് 3-4 വർഷങ്ങൾക്കുള്ളിൽ കായ്ക്കുകയും ചെയ്യുമെന്നതാണ് പ്രധാന മെച്ചം.
നല്ല ജൈവാംശവും നീർവാർച്ചയുള്ളതുമായ മണ്ണാണ് പുലാസന് ഏറ്റവും അനുയോജ്യം. നടാനുള്ള കുഴികൾ തയ്യാറാക്കുമ്പോൾ മണ്ണിന്റെ സ്വഭാവം കണക്കിലെടുക്കണം. നല്ല ഉറപ്പുള്ള മണ്ണാണെങ്കിൽ ഒരു മീറ്റർ സമചതുരവും ആഴവുമുള്ള കുഴിയാണ് നല്ലത്. എന്നാൽ ഇളക്കമുള്ള മണ്ണിൽ 50 മുതൽ 75 സെന്റീമീറ്റർ വരെ സമചതുരവും ആഴവുമുള്ള കുഴി മതിയാകും. കുഴികൾ കഴിവതും ഒരു മാസം മുന്നേ തയ്യാറാക്കി വെക്കുന്നതാണ് നല്ലത്.
കാലവർഷാരംഭത്തോടെ തൈകൾ നടാം. നനയ്ക്കാൻ സൗകര്യമുള്ള പക്ഷം ഏത് മാസത്തിലും പുലാസാൻ നടാവുന്നതാണ്. വളക്കൂറുള്ള മേൽമണ്ണിട്ട് കുഴി പൂർണ്ണമായും മൂടിയ ശേഷം മധ്യഭാഗത്തായി ഒരു ചെറിയ കുഴി ഉണ്ടാക്കുക. വേരിനും അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചിൽ തട്ടാതെ കവർ നീക്കി തൈ കുഴിയിൽ നടുക. പോളിത്തീൻ കവറിൽ എത്ര ആഴത്തിലായിരുന്നവോ അത്രയും ആഴത്തിൽ തന്നെ വേണം കുഴിയിലും നടാൻ. തൈക്ക് ചുറ്റും മണ്ണിട്ട് നന്നായി അമർത്തി ഉറപ്പിക്കണം.
മഴയില്ലാത്തപ്പോൾ നനയ്ക്കാനും, ശക്തമായ വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ആദ്യവർഷം ഭാഗികമായി തണൽ നൽകാനും ശ്രദ്ധിക്കണം. ചെടിയുടെ പ്രായത്തിനനുസരിച്ച് വർഷംതോറും 10 മുതൽ 50 കിലോഗ്രാം വരെ ജൈവവളങ്ങൾ നൽകുന്നത് ആരോഗ്യകരമായ വളർച്ചയ്ക്കും മികച്ച വിളവുൽപ്പാദനത്തിനും സഹായകമാകും. പച്ചില, കമ്പോസ്റ്റ്, കാലിവളം എന്നിവയോടൊപ്പം എല്ലുപൊടി, ചാരം, പിണ്ണാക്ക് എന്നിവയും നൽകാം.
ചെടിയുടെ ഉയരം കുറച്ച് പടർത്തി വളർത്തുന്നതാണ് വിളവെടുപ്പിന് സൗകര്യപ്രധാനം. പരമാവധി പത്തടി ഉയരത്തിൽ നിർത്തി കമ്പ് കോതി നിയന്ത്രിക്കണം. വിളവ് നൽകിതുടങ്ങിയ മരങ്ങളിലും വിളവെടുപ്പ് കഴിഞ്ഞയുടനെ കമ്പ് കോതൽ നടത്താം.
സസ്യസംരക്ഷണം
പുലാസാന് പൊതുവെ രോഗകീടബാധകൾ വളരെ കുറവാണ്. എങ്കിലും കായ്കളിൽ ചിലപ്പോൾ കാണുന്ന മീലിമൂട്ടകളെ നിയന്ത്രിക്കാൻ വെർട്ടിസിലിയം (Verticillium) ഒരു ലിറ്റർ വെള്ളത്തിൽ 10 മില്ലി എന്ന തോതിൽ ചേർത്ത് സ്പ്രേ ചെയ്താൽ കീടശല്യം ഒഴിവാക്കാം.
പോഷകഗുണങ്ങൾ
പഴങ്ങൾ അതീവ പോഷകസമൃദ്ധമാണ്. പുലാസാൻ ചിലർ പച്ചയായും കഴിക്കാറുണ്ട്. ഇതിന് ഏതാണ്ട് ബദാമിന്റെ സ്വാദാണ്. പഴത്തിന് തേനൂറും മധുരമാണുള്ളത്. മാംസളഭാഗം നേരിട്ടും ഐസ്ക്രീമുകളിലും പുഡിംഗുകളിലും രുചിവർദ്ധകമായും ഉപയോഗിക്കുന്നു. പുറംതോട് നീക്കം ചെയ്താൽ നിറയെ നീരോടുകൂടിയതും വെണ്ണനിറത്തിലുള്ളതുമായ കാമ്പ് ദൃശ്യമാകും.
ഭക്ഷ്യയോഗ്യമായ കാമ്പിൽ 80 ശതമാനത്തോളം ജലമുണ്ട്. കൂടാതെ 0.8 ശതമാനം പ്രോട്ടീനും 0.25 ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. 100 ഗ്രാം പഴത്തിൽ:
കാൽസ്യം: 18 മി.ഗ്രാം
ഇരുമ്പ്: 2.7 മി.ഗ്രാം
വിറ്റാമിൻ സി: 60 മി.ഗ്രാം
പൊട്ടാസ്യം: 146 മി.ഗ്രാം
സോഡിയം: 2 മി.ഗ്രാം
മഗ്നീഷ്യം: 10.5 മി.ഗ്രാം
ഇതിനുപുറമേ വിറ്റാമിൻ ബി ഗണത്തിലെ നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയും, മൂന്ന് ഗ്രാമോളം ഡയറ്ററി നാരുകളും ഇതിലുണ്ട്. വിറ്റാമിൻ സി ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി നൽകുന്നു.
വാണിജ്യ പ്രാധാന്യം
സാധാരണ പഴങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാൽ പ്രത്യേക പഴവർഗ വിപണിയിൽ പുലാസാന് നല്ല വില ലഭിക്കാനുള്ള സാധ്യതയുണ്ട്. ആകർഷകമായ രൂപവും മധുരമുള്ള കാമ്പും ഉപഭോക്താക്കളെ എളുപ്പം ആകർഷിക്കുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളർത്താനാകുന്നതിനാൽ കേരളത്തിലെ അനുയോജ്യമായ പ്രദേശങ്ങളിൽ വീട്ടുവളപ്പിലും വാണിജ്യ തോട്ടങ്ങളിലും ഇത് കൃഷി ചെയ്യാം.
മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ: പഴത്തിന്റെ പൾപ്പ് ഉപയോഗിച്ച് ജ്യൂസ്, സ്ക്വാഷ്, ജാം, ജെല്ലി തുടങ്ങിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കാം.
ടൂറിസം സാധ്യതകൾ: അപൂർവ പഴവർഗം എന്ന പ്രത്യേകത ഉപയോഗപ്പെടുത്തി ഫ്രൂട്ട് ടൂറിസം (Fruit Tourism), ഫാം വിസിറ്റ് (Farm visit), നേരിട്ടുള്ള ഫാം വിൽപ്പന എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കാം.
വിപണി: നിലവിൽ വ്യാപകമായ കയറ്റുമതി പഴമല്ലെങ്കിലും, ഗുണമേന്മയുള്ള ഉൽപ്പാദനവും ശീതശൃംഖലയും പാക്കേജിംഗും വികസിപ്പിച്ചാൽ പ്രത്യേക വിപണികളിൽ മികച്ച സാധ്യതയുണ്ട്.
ചുരുക്കത്തിൽ, കേരളത്തിൽ ഇപ്പോൾ ഇതൊരു പ്രധാന വാണിജ്യ പഴവിളയല്ലെങ്കിലും; അപൂർവത, രുചി, വിദേശ പഴം എന്ന വിപണി തിരിച്ചറിയൽ, നേരിട്ടുള്ള വിൽപ്പന, നഴ്സറി, മൂല്യവർദ്ധിത ഉൽപ്പന്ന സാധ്യതകൾ എന്നിവ കാരണം ചെറുകിട കർഷകർക്ക് പരീക്ഷിക്കാവുന്ന മികച്ച ഒരു സാധ്യതയുള്ള പഴവർഗമാണിത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.